marquee and menu

Welcome to sreesabarisan.blogspot.com The Sree dharmasasthav sree ayyapan website....Whatever you want to know about Swami Ayyappa is here...സ്വാമിയേ ശരണമയ്യപ്പാ...


Thursday, November 6, 2014

ശബരിമല

ശബരിമല
പശ്ചിമഘട്ടത്തിലെ പതിനെട്ടു മലനിരകളുടെ മധ്യത്തിലായി ശബരിമല സ്ഥിതിചെയ്യുന്നു. അവിടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ധര്‍മ്മശാസ്താക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് ശ്രീ അയ്യപ്പന്‍റെ ക്ഷേത്രം.
ഐതിഹ്യം
പണ്ട് പാലാഴിമഥന സമയത്ത് പാലാഴി കടഞ്ഞെടുത്ത അമൃത്‌ അസുരന്‍മാര്‍ സൂത്രത്തില്‍ കൈക്കലാക്കി. അത് തിരിച്ചെടുക്കാനായി വിഷ്ണു മോഹിനീ രൂപം സ്വീകരിച്ചു. ഈ രൂപത്തില്‍ ആകൃഷ്ട്ടനായ ശിവഭഗവാന് മോഹിനിയില്‍ ജനിച്ചതാണ് അയ്യപ്പനെന്നാണ് വിശ്വാസം. മഹിഷി വധമായിരുന്നു അയ്യപ്പന്‍റെ അവതാര ഉദ്ദേശം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടുമക്കളില്ലാതെ വിഷമിക്കുകയായിരുന്ന രാജാവ് ആ കുട്ടിയെ കൊട്ടാരത്തില്‍ കൊണ്ടുപോയി . കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠന്‍“ എന്നു പേരും നല്കി.
ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്ന പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്കു ശേഷം രാജാവിന്‌ സ്വന്തം കുഞ്ഞു പിറക്കുകയും. ആ കുഞ്ഞിനെ രാജാവാക്കുവാന്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താകുകയും, അവരുടെ ഗൂഡപദ്ധതി പ്രകാരം രാജ്ഞിക്ക് വയറുവേദന വരുകയും കൊട്ടാരവൈദ്ധ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഡപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് പുലികളുമായി അയ്യപ്പന്‍ വിജയശ്രീലാളിതനായി മടങ്ങിയെത്തി. പുലിയുടെ പുറത്തിരുന്നു വരുന്ന അയ്യപ്പനെ കണ്ടു നാട്ടുകാരെല്ലാം ഭയക്കുകയും ഓടിയോളിക്കുകയും ചെയ്തു. അയ്യപ്പന്‍ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിക്കുകയും . അവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തെന്നാണ് വിശ്വാസം. പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.
അയ്യപ്പനും വാവരും
******************
വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവര്‍ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായത്തോടെ അയ്യപ്പന്‍ പന്തളം രാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചു. അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയില്‍ നിലകൊള്ളുന്നു
ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാല്‍ പൂജകളും നടക്കുന്നു. ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാള്‍ 1973ല്‍ അയ്യപ്പന്‌ സമര്‍പ്പിച്ച 420 പവന്‍ തൂക്കമുള്ള തങ്കയങ്കി മണ്‌ഡലപൂജയ്‌ക്കാണ്‌ ശബരിമലമുകളിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നത്‌. മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാള്‍ മുമ്പാണ്‌ അനുഷ്‌ഠാനത്തിന്‍െറ പുണ്യവുമായി തങ്കയങ്കി രഥയാത്ര ആറന്മുള നിന്നു പുറപ്പെടുന്നത്‌.
ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പന്‍ എന്നൊരു വിശ്വാസമുണ്ട്. ഇതിന്‍റെ പ്രതീകമാണ് 18 പടികള്‍. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. അയ്യപ്പന്‍റെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകള്‍ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്.
18 മലകള്‍ ഇവയാണ് ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.
ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ശാസ്താവാണ്. കിഴക്കോട്ട് ദര്‍ശനമായി മരുവുന്നു. തൊട്ടടുത്താണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. മറ്റൊരു ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെ ഉണ്ട്.
ശബരിമലയില്‍ പോകുന്നെങ്കില്‍ അത് എരുമേലി വഴിയായിരിക്കണം എന്ന് പഴമക്കാര്‍ പറയും. എരുമേലിയില്‍ നിന്നും കോട്ടപ്പടി, പേരൂര്‍തോട്, അഴുത, കരിമല, ചെറിയാനവട്ടം, നീലിമല, ശരംകുത്തിയാല്‍ വഴി ശബരിമലയിലെത്താം.
എരുമേലിയില്‍ നിന്നും റാന്നിയിലേക്കും അവിടെ നിന്നും പ്ലാപ്പള്ളിയിലേക്കും പ്ലാപ്പള്ളിയില്‍ നിന്നും പമ്പയിലേക്കും വഴിയുണ്ട്. എരുമേലിയില്‍ നിന്നും മുക്കൂട്ടുതറ വഴിയും പമ്പയിലെത്താം.
തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വരുന്നത് വടശ്ശേരിക്കര, പ്ലാപ്പള്ളി, നിലയ്ക്കല്‍, ചാലക്കയം വഴിയാണ്. മണ്ണാറക്കുളത്തിയില്‍ നിന്നും ചാലക്കയത്തിലേക്കുള്ള റോഡിലൂടെയുള്ള യാത്ര വളരെ സുഗമമായിരിക്കും.
പമ്പയില്‍ നിന്നും നീലിമല ശബരിപീഠം വഴിയും സുബ്രഹ്മണ്യന്‍ റോഡ് ചന്ദ്രാംഗദന്‍ റോഡ് വഴിയും സന്നിധാനത്തെത്താം. വണ്ടിപ്പെരിയാറില്‍ നിന്നും മൗണ്ട് എസ്റേറ്റ് വഴി ഒരു റോഡ് സന്നിധാനത്തിലേക്കുണ്ട്. പമ്പയുടെ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റേഷന്‍ ചെങ്ങന്നൂരാണ്. ഇവിടെ നിന്നും പമ്പ വരെ 89 കിലോമീറ്റര്‍ ദൂരമുണ്ട്. കോട്ടയം റെയില്‍വെ സ്റേഷനില്‍ നിന്നും 123 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പമ്പയിലെത്താം. തീര്‍ത്ഥാടനകാലത്ത് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്താറുണ്ട്.
എരുമേലിയില്‍ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക്‌ ആത്മനിര്‍വൃതിയേകുന്ന ഒന്നാണ്‌. പേരൂര്‍ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയില്‍ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂര്‍ തോടില്‍ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാര്‍ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യന്‍ നിര്‍മ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടര്‍ന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തര്‍ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയില്‍ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്‌ക്ക്‌ അഴുതയില്‍ നിന്നെടുത്ത കല്ല്‌ ഭക്തര്‍ ഇവിടെ ഇടുന്നു. തുടര്‍ന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടര്‍ന്ന്‌ ഭക്തര്‍ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര്‍ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.



0 comments:

Post a Comment

Please comment your opinions,views or ideas Here...:)

Ping Blog Hostgator promo code dreamhost coupons free search engine submission dreamhost coupon host gator coupon hostgator coupon